Englishहिन्दीಕನ್ನಡதமிழ்తెలుగు

കഥയില്ലാത്ത ഇന്ത്യന്‍ ബൗളിംഗ്

Published: Monday, December 9, 2013, 10:05 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

പൊടിപാറ്റിയ കളി കാഴ്ചവെച്ചവരാണ് മഹേന്ദ്ര സിംഗ് ധോണിയുടെ ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയില്‍ ചെന്നപ്പോള്‍ പൊടിയുമില്ല, പാറലുമില്ല. കടലാസ് പുലികള്‍ എന്ന പദം വീണ്ടും തലപൊക്കി. ദക്ഷിണാഫ്രിക്കയിലെ പേസി-ബൗണ്‍സി പിച്ചില്‍ ഇന്ത്യക്കാര്‍ക്കെന്ത് കാര്യം എന്ന മട്ടിലാണ് ഡെയില്‍ സ്റ്റെയിനും കൂട്ടരും പന്തെറിയുന്നത്. ഒരു പന്ത് മര്യാദക്ക് മുട്ടിയിടാന്‍ പോലും സാധിക്കാത്ത അവസ്ഥ.

ക്യാപ്റ്റന്‍ ധോണിയെ കുറ്റം പറയാനൊക്കില്ല. പുള്ളിക്ക് മാത്രമാണ് അല്പം കഥയുണ്ടായത്. അനാവശ്യ ഷോട്ടുകള്‍ക്ക് പറ്റിയ ഇടമല്ല ഇതെന്ന് ധോണി തിരിച്ചറിഞ്ഞു. സ്വതസിദ്ധമായ ഹെലികോപ്റ്റര്‍ ഷോട്ടൊക്കെ ആവനാഴിയില്‍ തന്നെ സൂക്ഷിച്ചു. വല്ലപ്പോഴും പുള്‍ഷോട്ടുകള്‍ക്ക് ശ്രമിച്ചു. ഷോട് പിച്ച് പന്തുകള്‍ കാത്തു നില്‍ക്കുന്ന ധോണി സഹതാപ കാഴ്ചയായിരുന്നു. യോര്‍ക്കര്‍ എറിഞ്ഞാല്‍ ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ പന്ത് അതിര്‍ത്തി കടത്തുന്ന ധോണിക്ക് ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ ആ ഷോട്ട് കൊണ്ട് സിംഗിള്‍ പോലും നേടാന്‍ സാധിച്ചില്ല.

കഥയില്ലാത്ത ഇന്ത്യന്‍ ബൗളിംഗ്

കുറ്റം ധോണിയുടെതല്ല. ബൗളര്‍മാര്‍ക്ക് കുത്തകയുള്ള പിച്ചില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇന്നിംഗ്‌സ് വളരെ മികച്ചതായിരുന്നു. എവിടെയാണ് ഇന്ത്യക്ക് പാളിയതെന്ന് അറിയണമെങ്കില്‍ ബൗളിംഗ് വിശകലനം ചെയ്യണം. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ എറിഞ്ഞ അതേ പിച്ചില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് ഇന്ത്യന്‍ പേസര്‍മാരും എറിഞ്ഞതല്ലെ. എന്തു കൊണ്ട്, മുഴുവന്‍ വിക്കറ്റും വീഴ്ത്താനായില്ല. പോട്ടെ, പകുതി വിക്കറ്റെങ്കിലും വീഴ്ത്താമായിരുന്നില്ലേ.

ധോണിയും ഇതു തന്നെയാണ് ചോദിച്ചത്. മൂന്നൂറിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ വളരെ പ്രയാസമുള്ള പിച്ചാണിത്. അവിടെയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ റണ്‍സ് വാരിക്കോരിക്കൊടുത്തത്. ബൗണ്‍സി പിച്ചില്‍ ചേസിംഗ് ദുഷ്‌കരമാണ്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് സമ്മര്‍ദമില്ലാതെ ബാറ്റ് ചെയ്യണമെങ്കില്‍ പിന്തുടരാവുന്ന സ്‌കോറായിരിക്കണം- ധോണിയുടെ കുറ്റപ്പെടുത്തല്‍ ഈവിധത്തിലായിരുന്നു.

ശരിയാണ്. ഷോട് പിച്ച് പന്തുകളെറിഞ്ഞ, ഗുഡ് ലെംഗ്ത് മറന്നുപോയ, ആവശ്യഘട്ടങ്ങളില്‍ യോര്‍ക്കറും സ്ലോബോളും എറിയാന്‍ മറന്നു പോയ ഇന്ത്യന്‍ പേസര്‍മാര്‍ ക്യാപ്റ്റന്റെ ശകാരത്തിന് അര്‍ഹരാണ്. ഡിവില്ലേഴ്‌സും ഡുമിനിയും ബൗളര്‍മാരെ തടവി വിടുന്ന കാഴ്ചക്ക് മറുപടിയില്ല. ഇന്ത്യന്‍ പേസര്‍മാരെയാണ് രോഹിതും കോഹ്‌ലിയും ധവാനും ധോണിയും യുവരാജും നേരിട്ടതെങ്കില്‍ സ്‌കോര്‍ പിന്തുടരുക എളുപ്പമാകുമായിരുന്നു. അതെ, വ്യത്യാസം ബൗളിംഗ് നിര തമ്മില്‍ തന്നെ.

English summary
MS Dhoni 'disappointed' with India's 'new ball bowling' in first Proteas ODI
പ്രതികരണം എഴുതൂ