Englishहिन्दीಕನ್ನಡதமிழ்తెలుగు

സച്ചിനും ദ്രാവിഡുമല്ല, സഞ്ജുവാണ് താരം!

Posted by:
Published: Sunday, September 22, 2013, 9:48 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ജയ്പൂര്‍: സച്ചിന്‍ - ദ്രാവിഡ് അഥവാ മഹാരഥന്മാരുടെ പോരാട്ടം എന്ന് കേളികേട്ട കളിയില്‍ താരമായത് സഞ്ജു സാംസണ്‍ എന്ന പതിനെട്ടുകാരന്‍ പയ്യന്‍. സച്ചിനും ദ്രാവിഡും ബാറ്റിംഗില്‍ അമ്പേ പരാജയപ്പെട്ട കളിയില്‍ മനോഹരമായ അര്‍ദ്ധസെഞ്ചുറിയോടെയാണ് സഞ്ജു ആരാധകരുടെ മനം കവര്‍ന്നത്. ചാമ്പ്യന്‍സ് ലീഗ് 2013 ന്റെ ഉദ്ഘാടനമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ ഏഴുവിക്കറ്റിനാണ് വിജയം ആഘോഷിച്ചത്.

ജയ്പൂരിലെ സ്വന്തം ഗ്രൗണ്ടില്‍ അപരാജിതര്‍ എന്ന റെക്കോര്‍ഡ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത് സഞ്ജുവിന്റെയും മാന്‍ ഓഫ് ദ മാച്ച് വിത്രിം ജിത് മാലികിന്റെയും മികവിലായിരുന്നു. ടോസ് നേടി മുംബൈ ഇന്ത്യന്‍സിനെ ബാറ്റിംഗിനയച്ചത് മുതല്‍ അവസാന ഓവറില്‍ സിക്‌സറടിച്ച് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ റോജര്‍ ബിന്നിയുടെ മകന്‍ സ്റ്റുവര്‍ട്ട് ബിന്നി ആഘോഷമാരംഭിക്കുന്നത് വരെയും കളി ദ്രാവിഡിന്റെ കയ്യിലായിരുന്നു.

സച്ചിനും ദ്രാവിഡുമല്ല, സഞ്ജുവാണ് താരം!

ഒരു റണ്‍സോടെ ദ്രാവിഡ് മടങ്ങിയെങ്കിലും 143 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാന് ഒരു ഭാരമായതേയില്ല. ആദ്യപന്തില്‍ മിച്ചല്‍ ജോണ്‍സന്റെ ഉറപ്പായ ഒരു എല്‍ ബി ഡബ്ലു അപ്പീലില്‍ നിന്നും രക്ഷപ്പെട്ട സഞ്ജു ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അമ്പത് കടന്നത്. പലതവണ പന്ത് എഡ്‌ജെടുത്ത് വിക്കറ്റ് കീപ്പര്‍ക്കും സ്ലിപ് ഫീല്‍ഡര്‍ക്കും മുകളിലൂടെ പറന്നു. എന്നാല്‍ ഇതിനിടയിലും മനോഹരമായ ചില ഷോട്ടുകള്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പറന്നു. ഷെയ്ന്‍ വാട്‌സന്‍ (27), ബിന്നി (27), രഹാനെ 33 എന്നിവരും രാജസ്ഥാന് വേണ്ടി തിളങ്ങി.

നേരത്തെ ആദ്യപന്തില്‍ ബൗണ്ടറിയടിച്ച് തുടങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ കരുത്തുറ്റ ബാറ്റിംഗ് നിര 142 ല്‍ തളര്‍ന്നുവീണു. 9 റണ്‍സോടെ സ്മിത്തും 9 പന്തില്‍ തുഴഞ്ഞുനേടിയ 2 റണ്‍സോടെ കാര്‍ത്തിക്കും തുടക്കത്തിലേ പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി. ഫോമിന്റെ മിന്നലാട്ടങ്ങള്‍ കാണിച്ചെങ്കിലും സച്ചിനും അധികം നീണ്ടില്ല. 40 കള്‍ അടിച്ചെടുത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പൊളാര്‍ഡുമാണ് മുംബൈ ഇന്ത്യന്‍സിന് പൊരുതാനുള്ള സ്‌കോര്‍ നേടിക്കൊടുത്തത്. എന്നാല്‍ അത് പൊരുതാനേ മതിയായുള്ളൂ, വിജയിക്കാന്‍ പോരായിരുന്നു.

English summary
Malayali Batsman Sanju Samson shines with a half century in CLT2013 opening match in Jaipur. Sanju's Rajasthan Royals beat Mumbai Indians by 7 wickets.
പ്രതികരണം എഴുതൂ