Englishहिन्दीಕನ್ನಡதமிழ்తెలుగు

ബാറില്‍ അടി: ജെസ്സി റൈഡര്‍ 'കോമ'യില്‍

Posted by:
Published: Thursday, March 28, 2013, 12:24 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ബാറില്‍ അടി: ജെസ്സി റൈഡര്‍ 'കോമ'യില്‍
 

ക്രൈസ്റ്റ്ചര്‍ച്ച്: ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ന്യൂസിലന്‍ഡ് താരമായ ജെസ്സി റൈഡര്‍ തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയില്‍. ക്രൈസ്റ്റ് ചര്‍ച്ചിന് സമീപത്തുള്ള ബാറിനടുത്ത് വെച്ചാണ് റൈഡറിന് അടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്. അടിയേറ്റ് തലയോട്ടിക്ക് പരിക്കേറ്റ റൈഡര്‍ കോമയിലാണ്. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ചിലര്‍ റൈഡറെ മര്‍ദ്ദിക്കുകയായിരുന്നു. തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന റൈഡറുടെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

വെല്ലിംഗ്ടണിന് വേണ്ടിയാണ് റൈഡര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നത്. കഴിഞ്ഞ ദിവസം കാന്റര്‍ബെറിയുമായുള്ള മത്സരത്തില്‍ വെല്ലിംഗ്ടണ്‍ തോറ്റിരുന്നു. ഇതേത്തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സുഹൃത്തുക്കളോടൊപ്പം നില്‍ക്കുകയായിരുന്ന റൈഡര്‍ മറ്റു ചിലരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് റൈഡര്‍ ഒറ്റയ്ക്ക് നില്‍ക്കവേ ചിലര്‍ വന്ന് താരത്തെ ആക്രമിക്കുകയായിരുന്നു.

ഏറെ പ്രതീക്ഷകള്‍ നല്‍കി ന്യൂസിലന്‍ഡിന്റെ ദേശീയ ടീമിലെത്തിയ മിടമിടുക്കന്‍ ഇടങ്കയ്യനായിരുന്നു ജെസ്സി റൈഡര്‍. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനും മീഡിയം പേസ് ബൗളറുമായ റൈഡര്‍ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് കീവിസിന്റെ മിന്നും താരമായത്. ഐ പി എല്ലിന്റെ ആറാം എഡിഷനില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടിയാണ് റൈഡര്‍ കളിക്കുന്നത്. നേരത്തെ പുനെ വോറിയേഴ്‌സിന് വേണ്ടിയും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് വേണ്ടിയും റൈഡര്‍ ഐ പി എല്‍ കളിച്ചിട്ടുണ്ട്.

മങ്ങിയ ഫോമിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ന്യൂസിലന്‍ഡിന്റെ ദേശീയ ടീമില്‍ റൈഡര്‍ കളിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളെത്തുടര്‍ന്ന് ടീമിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയായിരുന്നു റൈഡര്‍. ഐ പി എല്‍ മത്സരങ്ങള്‍ക്കായി ഇന്ത്യയിലേക്ക് തിരിക്കാനിരിക്കേയാണ് താരം അപകടത്തിന് ഇരയായത്. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ തയ്യാറായിട്ടില്ല.

English summary
New Zealand cricketer Jesse Ryder admitted in hospital after severe head injuries in a bash outside bar.
പ്രതികരണം എഴുതൂ