കൊല്‍ക്കത്ത: രാജ്യാന്തര ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 34000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടു. ഈഡന്‍ ഗാര്‍ഡനില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ രണ്ടു റണ്‍ എടുത്തതോടെയാണ് ഇതിഹാസ താരം പുതിയ റെക്കോഡ് കൂടി എഴുതിച്ചേര്‍ത്തത്.

ലഞ്ച് കഴിഞ്ഞയുടനെ മോണ്ടി പനേസറുടെ പന്തിലായിരുന്നു സച്ചിന്‍ 34000 റണ്‍സ് കുറിച്ചത്. രാജ്യാന്തര ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു കളിക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌ക്കോറാണിത്. 23 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ സച്ചിന്റെ 192 ടെസ്റ്റുകളില്‍ നിന്നായി 15560 റണ്‍സും 463 ഏകദിനങ്ങളില്‍ നിന്നും 18426 റണ്‍സും നേടിയിട്ടുണ്ട്.
1989 നവംബറില്‍ പാകിസ്താനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. ക്രിക്കറ്റിലെ രണ്ട് ഫോര്‍മറ്റുകളില്‍ നിന്നുമായി സെഞ്ച്വറികള്‍ സെഞ്ച്വറി നേടിയ റെക്കാര്‍ഡും സച്ചിന് മാത്രം അവകാശപ്പെട്ടതാണ്.
കഴിഞ്ഞ കുറെക്കാലമായി മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണു സച്ചിന്റെ പുതിയ നേട്ടം. 2011 ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു സച്ചിന്‍ അവസാനമായി ടെസ്റ്റില്‍ സെഞ്ച്വറി കുറിച്ചത്. ഈ വര്‍ഷമാദ്യം നടന്ന ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലാണ് സച്ചിന്‍ നൂറാം സെഞ്ച്വറി നേടാനായാത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ പിറന്ന ഈ ശതകത്തിന് ശേഷം സച്ചിന് മികച്ചൊരു സ്‌കോര്‍ നേടാന്‍ കഴിഞ്ഞിട്ടില്ല.








