Englishहिन्दीಕನ್ನಡதமிழ்తెలుగు

കോഹ്‌ലിയെ കെട്ടിപ്പൂട്ടാനൊരുങ്ങി ലങ്കന്‍ പട

Posted by:
Updated: Tuesday, July 24, 2012, 17:26 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കോഹ്‌ലിയെ കെട്ടിപ്പൂട്ടാനൊരുങ്ങി ലങ്കന്‍ പട
 

ഹംബന്റോറ്റ: മികച്ച ഫോമിലുള്ള ഇന്ത്യയുടെ വിരാട്‌ കോഹ്‌ലിയെ കെട്ടിപ്പൂട്ടിയാലേ നടന്നു കൊണ്ടിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയ്‌ക്കെതിരെ വിജയിക്കാനാവൂ എന്നാണ്‌ ശ്രീലങ്കന്‍ ക്യാപ്‌റ്റന്‍ മഹേല ജയവര്‍ധനെയുടെ കണക്കു കൂട്ടല്‍.

തുടര്‍ച്ചയായ അഞ്ചു മത്സരങ്ങളില്‍ നാലു സെഞ്ച്വറിയെടുത്ത്‌ വളരെ മികച്ച ഫോമിലാണ്‌ കോഹ്‌ലിയിപ്പോള്‍. ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കായിരുന്നു വിജയം. കോഹ്‌ലിയുടെ സെഞ്ച്വറി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചിട്ടുണ്ട്‌.

6 വിക്കറ്റ്‌ നഷ്ടത്തില്‍ 314 റണ്‍സ്‌ ആണ്‌ ലങ്കയ്‌ക്കെതിരെ ഇന്ത്യയുടെ സ്‌കോര്‍. ഇന്ത്യ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ തകര്‍ക്കാനിറങ്ങിയ ലങ്കയ്‌ക്ക്‌ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 293 റണ്‍സ്‌ എടുക്കാനേ സാധിച്ചുള്ളൂ.

മുമ്പൊന്നും ശ്രീലങ്കയ്‌ക്ക്‌ വലിയ ഭീഷണിയായിരുന്നില്ല ഇന്ത്യയുടെ ഇപ്പോഴത്തെ ഈ വൈസ്‌ ക്യാപ്‌റ്റന്‍ എന്നാണ്‌ ജയവര്‍ധനെയുടെ നിരീക്ഷണം. എന്നാല്‍ ഇപ്പോള്‍ കോഹ്‌ലി എടുത്തിരിക്കുന്ന ഈ തുടര്‍ച്ചയായ നാല്‌ സെഞ്ച്വറികളില്‍ മൂന്നും ശ്രീലങ്കയ്‌ക്കെതിരെയാണ്‌ നേടിയത്‌ എന്നതിനാല്‍ കോഹ്‌ലിയെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌ എന്നും അദ്ദേഹം കണക്കു കൂട്ടുന്നു.

കോഹ്‌ലി കളിച്ചു തുടങ്ങിയ കാലത്ത്‌ ലങ്കയ്‌ക്ക്‌ അദ്ദേഹത്തിന്റെ വിക്കറ്റ്‌ എളുപ്പത്തില്‍ തെറിപ്പിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഏതൊരു നല്ല കളിക്കാരനെയും പോലെ പിന്നീട്‌ അദ്ദേഹം മികച്ച ഗെയിം പ്ലാനുമായി കളിക്കാനിറങ്ങി തുടങ്ങി.

ഈയിടെയായി ശ്രീലങ്കയുടെ ബൗളിങ്‌ നിരയെ ചെറുക്കാനാവും എന്ന ഒരു ആത്മ വിശ്വാസം കോഹ്‌ലിക്കുണ്ട്‌. അതുകൊണ്ട്‌ തന്നെ അദ്ദേഹത്തിനെതിരെ ഒരു മികച്ച ഗെയിം പ്ലാന്‍ തയ്യാറേക്കേണ്ട അവസ്ഥയിലാണ്‌ ശ്രീലങ്ക. ജയവര്‍ധനെ പറഞ്ഞു.

ആദ്യമത്സരത്തില്‍ തന്റെ ടീമിന്‌ പറ്റിയ അബദ്ധങ്ങള്‍ തിരുത്തി ചൊവ്വാഴ്‌ച നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തില്‍ സ്വന്തം മണ്ണില്‍ വിജയിക്കുക എന്നതാണ്‌ ഇപ്പോള്‍ ജയവര്‍ധനെയുടെ മുന്നിലുള്ള വെല്ലുവിളി. മഹിന്ദ രാജ്‌പക്‌സെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയത്തിലാണ്‌ രണ്ടാം മത്സരവും.

Story first published:  Tuesday, July 24, 2012, 11:35 [IST]
English summary
Sri Lanka skipper Mahela Jayawardene feels there is a need to stop India's latest sensation Virat Kohli who is in great form as he has smashed four centuries out of his last five outings.
പ്രതികരണം എഴുതൂ